Wednesday, December 19, 2012

അവസാനിക്കാത്ത രാത്രി..

ചന്ദന ഗന്ധിയായ  നിലാവില്‍ ശ്രുതി ചേര്‍ത്ത്
ഒരു പാലപ്പൂവിനോട് സൌഖ്യം നേര്‍ന്നു
ഫരീദ് അയാസ് പാടുന്നു
തകര്‍ന്ന കോട്ടകളുടെ  നിശ്വാസങ്ങള്‍
മരുഭൂമികള്‍ നിറയുന്ന പ്രണയ കഥകള്‍
ഒരു കൃഷ്ണ വര്‍ണമാര്‍ന്ന തംബുരു മീട്ടി
വീണ്ടും വീണ്ടും
ആകാശങ്ങള്‍ തുറക്കുന്ന സങ്കീര്‍ത്തനങ്ങള്‍ ...
ഈ സംഗീതത്താല്‍ ഉണര്‍ത്തപ്പെടുന്ന
ദൈവത്തിന്റെ  പ്രഭാതങ്ങള്‍
എത്ര മനോഹരങ്ങളായിരിക്കും !!
ഈ തണുത്ത നഗരത്തിലൂടെ ഞാന്‍ നടക്കുമ്പോള്‍
ആ സ്വരത്തിന്റെ സുഗന്ധവും പേറി
ഈ രാത്രികള്‍ അവസാനിക്കാതതാകട്ടെ...
ഫരീദ് അയാസ് പാടുമ്പോള്‍
കാറ്റ് നിലച്ച കടലുകള്‍ പോലെ
നിശ്ചലമായ ഓര്‍മ്മകള്‍ ...
ഒരു നിലാവെളിച്ചത്തിന്റെ വഴിതെറ്റിയ മാലാഖ
എന്റെ  കൂടെ നടന്നു വരുന്ന രാത്രിയില്‍
ജീവിതത്തില്‍ മഞ്ഞു പെയ്യിക്കും പാട്ടുകള്‍
ഈ പ്രഭാതത്തിലും എന്റെ മുറിയില്‍
തങ്ങി നില്‍ക്കും ഗസലിന്റെ സുഗന്ധം
ഫരീദ് അയാസ് പാടുന്നു...