ഒരു രാത്രി കൂടി എഴുതേണം എനിക്ക്
നിന്നെക്കുറിച്ചുള്ള നിലാവു പുതച്ച വാക്കുകൾ...
അകലെയാണു നീ വേനൽ മേഘങ്ങളിൽ..
ഓർക്കുവാനില്ലിന്നു വക്കുപൊട്ടിയ ചില്ലു ജാലകങ്ങൾ കടന്നു വരും
പോക്കുവെയിൽ പോലെ കാലങ്ങൾ.
ഒരു പിടി ഓർമ്മകൾഭിക്ഷയായ്
നീ തന്ന ദിവ്യമായൊരാശ്ലേഷം...
നനുത്ത നീർത്തുള്ളികളിറ്റു വീഴുന്നൂ
വാക്കുകൾ സുരതാലസ്യം തീമിർത്തിറങ്ങിയൊരിലച്ചാർത്തുകൾ
നിന്നെക്കുറിച്ചോർക്കുമ്പോൾത്തന്നെ ജീവിതം മഹാനദി..
വാക്കുകൾ ജീവനവസാനിക്കും മുനമ്പിൽതന്നെ
ഓർമ്മകൾ- അലറിത്തിമിർത്തു വരും കാറ്റുകൾ
എല്ലാം എല്ലാം..
ഇന്നെന്റെ മധുശാലകൾ നിറയ്ക്കുന്നൂ
നിന്റെ കുറെ മന്ദഹാസങ്ങൾ,
നീ പറയാതെ നിർത്തിയ വാക്കുകൾ ചൂടേകി
കത്തി നില്ക്കുന്നിതെന്റെ ഉഷ്ണമേഘല.
ഒരിറ്റു മഴച്ചാറ്റൽ പോലും നനയാത്ത
എന്റെ വഴിയോരങ്ങൾ.
നീ- എന്റെ വയലറ്റു നിറമുള്ള സ്വപ്നങ്ങൾ
സമ്മാനിക്കുന്ന സ്നേഹമയമായ നിദ്ര
നീ-ഒരു കണ്ണാടിയുടച്ചു വീഴ്ത്തി
ആയിരമാകശങ്ങൾ സമ്മാനിക്കും നിലാമഴ
നീ-എന്റെ കവാടങ്ങൾ കടന്നു വരുന്ന
അഭ്ര പാളികളടർന്ന വെള്ളി വെയിൽ
ഉഷ്ണ ശരങ്ങളേറ്റു വാങ്ങുന്നെന്റെ പ്രണയം
രക്ത വാർച്ചയിൽ മൃതമായ് സ്മൃതിയായ്...
യുദ്ധം കഴിഞ്ഞ ദു:സ്വപ്ന രാത്രികൾ
പൊട്ടിച്ചിതറുന്നെന്റെ പ്രണയാകാശങ്ങൾ..
എഴുതി വച്ചതിനുമപ്പുറത്തേക്കായി
ഒരു നാൾ നീ തുറന്നു നോക്കേണം
എന്റെ വാക്കിനുള്ളിലെ സ്നേഹജാലകം,
എന്റെ മൗനത്തിന്റെ വേനല്ക്കാലം...
ഭൂമിയുടെ നനുത്ത വല്ക്കലങ്ങൾക്കുള്ളിലായി
ഉറഞ്ഞു കൊണ്ടിരിക്കയാണിന്നു ഞാൻ..
നിന്നെ കാത്ത്..എന്നും...
നിന്റെ കൺപീലികളിൽ തൂവി നില്ക്കും വിഷാദം പോലെ
എന്റെ ഓർമ്മകൾ..ഞാനും...