വെളുത്ത മേഘങ്ങളിൽ ഹൃദയ രക്തത്താൽ എഴുതി ഞാൻ
നിന്നോടുള്ള എന്റെ സ്നേഹം
നീയൊ
നക്ഷത്രങ്ങളുടെ കൂട്ടുകാരിയായി
മേഘങ്ങളിലൊളിച്ചിരിക്കുന്നു...
ശ്വാസം തണുത്തുറയുമ്പോലെ ജീവനിൽ
അരിച്ചിറങ്ങുന്നൂ ജീവിതത്തിൻ നിസ്സാരത
കറുത്ത ആകാശങ്ങൾ തേടുന്നവർക്കുനഷ്ടമാകുന്നൂ
അകക്കണ്ണിന്റെ സ്നേഹ ഭൂമികൾ.
ഹൃദയത്താൽ സംസാരിക്കാൻ തുടങ്ങേണം നാം,
പുതിയ നിലാപ്പച്ചകളെ അറിയുവാൻ.
കത്തുന്ന ഹൃദയങ്ങളുടെ കൂട്ടുകാരൻ ഞാൻ
മഴയുടെ സംഗീതം കൊതിക്കും മണലാഴി.
ഓർമകൾ ഉണ്ടായിരിക്കണം-
ദേവധനുസ്സിന്റെ രാത്രി പഥങ്ങളെ
ഓർമകൾ ഉണ്ടായിരിക്കണം-
സ്നേഹത്തിൻ ഇല പൊഴിയും കാലങ്ങളെ
ജീവന്റെ താഴ്വാരങ്ങളെ പച്ചപ്പു ചാർത്തുന്ന
എന്റെ ആത്മാവിലുയരും വാക്കിന്റെ മഴക്കാലങ്ങളെ...
വാഴ്വിന്റെ കറുത്ത പുസ്തകം ഇതൾ മറിയ്ക്കും വരെ,
കനവിന്റെ ജനാലകളിൽ കാറ്റു നിലയ്ക്കും വരെ,
കാലത്തിന്റെ പാതകൾ ഇലകളാൽ മൂടും വരെ,
നീ
എന്റെ കാഴ്ച്ചയുടെ നിറങ്ങളിൽ,
എന്റെ രാത്രിയുടെ ഗന്ധങ്ങളിൽ,
എന്റെ ശ്വാസത്തോടു കൂടെ
ജീവിക്കുന്നു....